Pages

Thursday, February 27, 2014

രഹസ്യപോലീസ് ബോട്ടുയാര്‍ഡുകളുടേയും അന്യസംസ്ഥാന തൊഴിലാളികളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നു



വൈപ്പിന്‍ : കേന്ദ്ര ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്‌പോലീസ് മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലകളിലേയും അനുബന്ധപ്രദേശങ്ങളിലേയും മത്സ്യബന്ധന ബോട്ട് നിര്‍മ്മാണ യാര്‍ഡുകളുടേയും ഈ മേഖലയില്‍ തൊഴിലെടുക്കുന്ന അന്യസംസ്ഥാനതൊഴിലാളികളുടേയും കണക്കുകള്‍ ശേഖരിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവും ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ സാന്നിധ്യവും ഈ മേഖലയില്‍ സജീവമായ സാഹചര്യത്തിലാണ് ഈ കണക്കെടുപ്പെന്നാണ് സൂചന.
നേരത്തെ മുനമ്പത്ത്  തമിഴ് പുലികള്‍ക്ക് ബോട്ട് നിര്‍മ്മിച്ച സംഭവവും കൊച്ചി തുറമുഖം വഴി  നിരവധി  ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത് പിടിയിലായതും മുന്‍ നിര്‍ത്തിയാണ് ഈ മേഖലയില്‍ അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതത്രേ. കൂടാതെ കുറച്ചു നാള്‍ മുമ്പ് മുരുക്കുംപാടത്ത് നിന്ന് നുഴഞ്ഞുകയറ്റക്കാരായ കുറെ ബംഗ്ലാദേശ് പൗരന്മാരെയും പിടികൂടിയിരുന്നു. മത്സ്യബന്ധനത്തിനും  അനുബന്ധമേഖയിലും നാട്ടുകാരായ തൊഴിലാളികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പല തൊഴിലുടമകളും  ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പോലീസ് നിഷ്കര്‍ഷിക്കുന്ന തിരിച്ചറിയല്‍ രേഖകളോ മറ്റു രേഖകളോ ഒന്നും തന്നെ ഇല്ലാതെയാണ് ഭൂരിഭാഗം അന്യസംസ്ഥാനക്കാരും ഇവിടെ പണിയെടുക്കുന്നതെന്നാണ് രഹസ്യപോലീസിന്റെ കണ്ടെത്തല്‍.

No comments:

Post a Comment

Blog Archive